അഞ്ചൽ: വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. കരുകോൺ നബീൽ മൻസിലിൽ നാസറിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് ശബ്ദവും പ്രകാശവും കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ നാസർ കാണുന്നത് ബൈക്ക് കത്തുന്നതാണ്. തുടർന്ന്, തൊട്ടടുത്തുണ്ടായിരുന്ന കാറിലും ഓട്ടോയിലും തീ പടരുന്നതിന് മുന്നേ ബൈക്ക് തള്ളി മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചയാണ് സംഭവം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച ആളിന്റെ രൂപസാദൃശ്യത്തിലുള്ള പരിസരവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. കരുകോൺ പള്ളി പടിഞ്ഞാറ്റതിൽ റാഷിദ് (25) ആണ് അറസ്റ്റിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.