ചങ്ങനാശ്ശേരി : വാഴപ്പള്ളി കല്‍ക്കുളത്തു കാവ് ഭഗവതി ക്ഷേത്രത്തില്‍ മുടിയെടുപ്പിനോടനുബന്ധിച്ചു നടക്കുന്ന താളം ചവിട്ട് ദര്‍ശിക്കാന്‍ ഭക്തജന പ്രവാഹം.
കാളീപ്രീതിക്ക് വേണ്ടി നടത്തിവരാറുള്ള ചടങ്ങാണ് മൂടിയെടുപ്പ്. മുടിയെടുപ്പ് നടത്താറുള്ളത് 12 വര്‍ഷത്തിലൊരിക്കല്‍ മേട മാസത്തിലെ വിഷുവിന് ശേഷവും പത്താമുദയത്തിന് മുന്‍പുമായിട്ടാണ്.
ചടങ്ങിന് ഒരുക്കം തുടങ്ങുന്നതിന് ചെങ്ങഴിമുറ്റത്ത് തിരുമേനിയില്‍ നിന്ന് അനുവാദം വാങ്ങി അവിടെ ദക്ഷിണ സമര്‍പ്പിക്കണം.
വരിക്കപ്ലാവില്‍ രൂപകല്‍പ്പന ചെയ്ത് എടുത്തിട്ടുള്ളതാണ് തിരുമുടി. അഷ്ടദളവും സര്‍പ്പകെട്ടും വരച്ച് അതിന്റെ നടുക്കാണ് കാളിയുടെ മുഖം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
100 കിലോ നെല്ലിന്റെ ഭാരം വരും തിരുമുടിക്ക്. താളം ചവിട്ട്, ഭൈരവി ഉറച്ചില്‍, കുലവാഴ വെട്ട്, മധു എഴുന്നള്ളിപ്പ് തിരുമുതിരുമുടി എഴുന്നള്ളത്ത് വലിയ ഗുരുസി ഇവയാണ് തിരുമുടിയെടുപ്പ് ഉത്സവദിനത്തിലെ പ്രധാന ചടങ്ങുകള്‍. കരടിക, ഇലത്താളം ഇവയാണ് പ്രധാന വാദ്യങ്ങള്‍.
ഭൈരവി കളത്തില്‍ നാട്ടിനിര്‍ത്തിയ കുലവാഴയ്ക്ക് ചുറ്റും താളത്തിനനുസരിച്ച് ചുവട് വെയ്ക്കുന്നതും താളം മുറുകി കഴിയുമ്പോള്‍ ഭൈരവി ഉറഞ്ഞുതുള്ളി കുലവാഴ വെട്ടുന്നു.
തുടങ്ങുന്നതിനു മുന്‍പ് ഗണപതി ഒരുക്ക് വെച്ച് ശ്രീകോവിലില്‍ നിന്നും പൂജാരി ദീപം കൊളുത്തിക്കൊണ്ട് വന്ന് നിലവിളക്കില്‍ തിരിതെളിച്ച് ശംഖനാദം മുഴക്കി താളം ചവിട്ടിന് ഒരോ ദിവസവും ആരംഭം കുറിയ്ക്കുന്നു.
തിരുമുടി എഴുന്നള്ളത്ത്, തിരുമുടി ഇറക്കി പൂജ. രാത്രിയില്‍ കഥകളി വേഷത്തില്‍ (ദേവി രൂപം) ഭൈരവി ഉറച്ചിലിന് ശേഷം കുലവാഴ വെട്ട്, തുടര്‍ന്ന് തിരുമുടി ശിരസ്സില്‍ അണിഞ്ഞ് തിരുനടയില്‍ ചെല്ലുന്നു.
തിരികെ ഭൈരവി കളത്തിലേക്കും, പോര്‍വിളി തുടങ്ങുന്നു, ദാരികന്‍ ഓടി മറയുന്നു, പിന്നാലെ കാളി അലറി വിളിച്ചുകൊണ്ട് മഹാദേവ ക്ഷേത്രത്തില്‍ എത്തുന്നു. അത്താഴ ശ്രീബലിയുടെ മൂന്നാം പ്രദക്ഷിണം പാര്‍വതിനടയില്‍, ഇതോടെ കലി അടങ്ങിയ കാളി അച്ഛനോടൊപ്പം കിഴക്കേ നടയിലെ കൊടിമരച്ചുവട്ടില്‍ എത്തി ഓണപ്പുടവയും വിഷു കൈനീട്ടവും വാങ്ങി പടിഞ്ഞാറേ ഗോപുര വാതിലിലൂടെ ഇറങ്ങി ഊരുചുറ്റി കല്‍ക്കുളത്തുകാവില്‍ എത്തുമ്പോള്‍ ദാരിക ശിരസ് കാണുന്നു. കലിയടങ്ങി മുടി ഇറക്കുന്നു.
കരിങ്കാളിക്കുള്ള ഗുരുസിയോടെ തിരുമുടിയെടുപ്പ് ഉത്സവം പൂര്‍ണ്ണമാകുന്നു. അനുഷ്ഠാനങ്ങളാല്‍ സമ്പുഷ്ടമായ മുടിയെടുപ്പ് മഹോത്സവം നടക്കുക ഏപ്രില്‍ 21 ന് ആണ്.