വൻ പൊലീസ് സന്നാഹം, ചെയ്സിങ്; നാടകീയ നീക്കങ്ങൾക്കൊടുവിൽ അമൃത്പാൽ സിങ് പിടിയിൽ


 


 ചണ്ഡീ​ഗഢ് : വാരിസ് പഞ്ചാബ് ദേ സംഘടനാ തലവനും ഖലിസ്ഥാൻ വാദിയുമായ അമൃത്പാൽ സിങ് (30) അറസ്റ്റിൽ.

 മണിക്കൂറുകൾ നീണ്ട ചെയ്സിങിനൊടുവിലാണ് അമൃത്പാൽ സിങിനെ പൊലീസ് നാടകീയമായി വലയിലാക്കിയത്. ഏഴ് ജില്ലകളിൽ നിന്നായുള്ള വൻ പൊലീസ് സംഘമാണ് ഇയാളെ പിടികൂടാനായി 
രം​ഗത്തിറങ്ങിയത്.

 ഇവരയൊക്കെ വെട്ടിച്ച് രക്ഷപ്പെടാൻ അമൃത്പാൽ സിങ് ശ്രമിച്ചു. ഒടുവിൽ നാകോദാറിൽ വച്ചാണ് ഇയാളെ പിടികൂടിയത്.  

അമൃത്പാലിന്റെ അറസ്റ്റിന് മുന്നോടിയായി ഇയാളുടെ അടുത്ത അനുയായികളെ പൊലീസ് മുൻകൂട്ടി കസ്റ്റഡിയിലെടുത്തു. പിന്നീട് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തു. നാളെ ഉച്ചയ്ക്ക് 12 വരെയാണ് ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുന്നത്. 

അമൃത്സർ, ജലന്ധർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻ പൊലീസ് സംഘത്തെ വിന്ന്യസിച്ചിരുന്നു. ഇയാളുടെ സന്ദർശനത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചതിനാൽ എല്ലാ റോഡുകളും അടച്ച് കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കങ്ങൾ.

 ജലന്ധറിലെ ഷാക്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചു. സംഘർഷ സാധ്യത മുന്നിൽ കണ്ട് അമൃത്പാലിന്റെ സ്വന്തം നാടായ അമൃത്സറിലെ ജല്ലുപുർ ഖൈറ പൊലീസിന്റേയും അർധ സൈന്യത്തിന്റേയും നിയന്ത്രണത്തിലാക്കി.

കഴിഞ്ഞ മാസം ഇയാളുടെ അനുയായികൾ അമൃത്സറിലെ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. 

തോക്കും വാളുകളും അടക്കമുള്ള ആയുധങ്ങളുമായി ഏതാണ്ട് രണ്ടായിരത്തോളം അനുയായികളാണ് ആക്രമണം നടത്തിയത്. 

ഖാലിസ്ഥാന്‍ വാദിയായ ജെര്‍നെയില്‍ സിങ് ബിന്ദ്രന്‍വാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാല്‍ സിങ് ബിന്ദ്രന്‍വാല രണ്ടാമന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

 വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാള്‍ നേതൃത്വം ഏറ്റെടുത്തത്.

ഖലിസ്ഥാൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് എതിരെ അമൃത്പാൽ ഭീഷണി മുഴക്കിരുന്നു. ഖലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇയാളുടെ ഭീഷണി.

Previous Post Next Post