കരുനാഗപ്പള്ളി: കടമുറിയുടെ ചുവരുകളെ മനോഹരമാക്കിയ വഴിയാത്രക്കാരന്റെ ചിത്രം പാർട്ടി പരിപാടിയുടെ ചുവരെഴുത്തിനായി മായ്ച്ചുകളഞ്ഞു.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലാണ് വഴിയാത്രക്കാരനായ ചിത്രകാരൻ ദിവസങ്ങളെടുത്ത് പൂർത്തീകരിച്ച ചിത്രങ്ങൾ എം വി ഗോവിന്ദൻ നയിക്കുന്ന സിപിഐഎം ജനകീയ പ്രതിരോധ യാത്രയുടെ ചുവരെഴുത്തിനായി മായിച്ചത്.
നിരവധി പേരാണ് ഈ നികൃഷ്ട നടപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പച്ചിലയും കരിയും ചോക്കുകളും ഉപയോഗിച്ചു ഗ്രാമീണ ഭംഗി വരച്ചുവച്ച വഴിയാത്രക്കാരൻ. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റ് സ്റ്റാന്റിലെത്തുന്നവർ സമീപത്തെ കടയുടെ ചുവരിലെ ചിത്രം കാണാതെ പോകില്ലെന്ന സ്ഥിതിയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ഇത് പങ്കുവച്ചതോടെ ചിത്രം കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്തിയിരുന്നു.
ഇതിനിടയിൽ ആണ് കഴിഞ്ഞ ദിവസം ഇത് മായ്ച്ചു സിപിഎം ചുവരെഴുത്ത് നടത്തിയത്.