വനിതാ ഹോസ്റ്റൽ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ വയ്ക്കും, ആവശ്യക്കാർ കഞ്ചാവെടുക്കും പണവും വയ്ക്കും,യുവാവ് പിടിയിൽ



 തിരുവനന്തപുരം: നെടുമങ്ങാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.

നെടുമങ്ങാട് പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അഖിൽ (23)ആണ് പിടിയിലായത്. 

 ഹോസ്റ്റലിനുള്ളിൽ കടക്കുന്ന അഖിൽ മുകൾ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ട് വച്ച ശേഷം വിദ്യാർത്ഥിനികൾക്ക് വിവരം നൽകും.

ആവശ്യക്കാർ ഇവിടെ വന്ന് കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും. രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 

കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ഹോസ്റ്റലിൽ കടന്ന ഇയാളെ ജീവനക്കാർ തടഞ്ഞുവച്ചു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഞ്ചാവ് ലഹരിയിൽ കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചതുൾപ്പെടെ ഇയാൾക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ആറു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.


Previous Post Next Post