ഇടുക്കി : കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചക്കുപള്ളം
കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുന്‍പില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ബിജുവും ഭാര്യ അമ്പിളിയും ഏതാനും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കുടുംബവഴക്കിനെ
തുടര്‍ന്ന് 2018ല്‍ കുമളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും ഇന്ന്
കോടതിയില്‍ എത്തിയത്. വിസ്താരത്തിന് ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്ന്
പുറത്തിറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ബിജു ഭാര്യയുടെ കഴുത്തിലാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ ബിജുവിനെ സ്ഥലത്തെത്തിയ പീരുമേട് പോലീസ് കസ്റ്റഡിയിലെടുത്തു.
വധശ്രമം ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തതായും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ്
അറിയിച്ചു.