ആലപ്പുഴ: പെൺകുട്ടിയെ പൊതുസ്ഥലത്ത് വച്ച് ഉപദ്രവിച്ച കേസിലെ പ്രതിയെ നാടുവിടാനുള്ള ശ്രമത്തിനിടെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നടുവട്ടം വൃന്ദാവനം വീട്ടിൽ ബേബി (44) ആണ് പിടിയിലായത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പ്രതി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യം കിട്ടാതായതോടെ പ്രതി നാടു വിടാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് ഇന്നലെ വൈകുന്നേരം ബേബി വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ വീടിന്റെ സമീപത്തു നിന്നും പിടികൂടുകയായിരുന്നു.
ഹരിപ്പാട് ഇൻസ്പെക്ടർ എസ് എച്ച് ഓ ശ്യാംകുമാർ, സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, ഷൈജ, ശ്രീകുമാർ. സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സോജു എസ് പിള്ള, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.