സോഷ്യല്‍ മീഡിയ സുന്ദരിയുടെ 'ഹായ് ' സന്ദേശത്തില്‍ കുരുങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 33 ലക്ഷം രൂപ നഷ്ടമായി

    
കണ്ണൂര്‍▪️സോഷ്യല്‍ മീഡിയയില്‍ ഒരു സുന്ദരിയുടെ 'ഹായ്' സന്ദേശത്തില്‍ കുരുങ്ങിയ പയ്യന്നൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നഷ്ടമായത് 33 ലക്ഷം രൂപ. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ആദ്യം ഹായ് സന്ദേശം എത്തിയത്. പിന്നാലെ യുവതിയുടെ അര്‍ധനഗ്‌ന ചിത്രം എത്തി. അതിനുശേഷമായിരുന്നു തേന്‍കെണി തട്ടിപ്പ്.
സുന്ദരിയുമായുള്ള ഫേസ്ബുക്ക് മെസഞ്ചറിലെ ചാറ്റ് ദിവസങ്ങള്‍ക്കകം വാട്‌സാപ്പിലേക്കു മാറി. വിഡിയോ കോള്‍ ചെയ്യാനായിരുന്നു സുന്ദരിയുടെ അടുത്ത ആവശ്യം. അര്‍ധനഗ്‌നയായി യുവതി ക്യാമറയ്ക്കു മുന്നിലെത്തി. നഗ്‌നനായി ക്യാമറയ്ക്കു മുന്നില്‍ വരാന്‍ ഉദ്യോഗസ്ഥനോടു സുന്ദരി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്‍ ഇത് അനുസരിച്ചു. ഇതെല്ലാം രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ടു നടന്നതാണ്.
അടുത്ത ദിവസം മുതല്‍ സുന്ദരിയുടെ വിവരമില്ല. വിഡിയോ കോളുമില്ല. യുവതിയുടെ അടുത്ത ബന്ധുവെന്നു പറഞ്ഞു മറ്റൊരാള്‍ പിറ്റേന്നു വിളിച്ചു. ഉദ്യോഗസ്ഥന്റെ നഗ്‌നദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം.

പേടിച്ചുപോയ ഉദ്യോഗസ്ഥന് അനുസരിക്കേണ്ടി വന്നു. യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുമെന്നായി അടുത്ത ഭീഷണി. 15,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള തുകകള്‍ ഇങ്ങനെ ഓരോ കാരണം പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തു.

വിഡിയോ കോളിനിടെ യുവതിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതായി പരാതിയുണ്ടെന്നും പറഞ്ഞ് ഡല്‍ഹി ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐയില്‍ നിന്നാണെന്നുമൊക്കെ പറഞ്ഞായി അടുത്ത ഭീഷണികള്‍. ഏറ്റവുമൊടുവില്‍, യുവതി ആത്മഹത്യ ചെയ്തതായും ഉദ്യോഗസ്ഥന്റെ പേരെഴുതിയ പരാതിയും ഉദ്യോഗസ്ഥന്റെ നഗ്‌നദൃശ്യം തെളിവായി കയ്യിലുണ്ടെന്നുമുള്ള ഭീഷണിയുമെത്തി. 10 ലക്ഷം രൂപ നല്‍കാനായിരുന്നു ആവശ്യം. ഉദ്യോഗസ്ഥനു വഴങ്ങേണ്ടി വന്നു. അങ്ങനെ ഒന്നര മാസത്തിനകം ഇയാള്‍ക്കു നഷ്ടപ്പെട്ടത് 33 ലക്ഷം രൂപ.

പിഎഫില്‍ നിന്നടക്കം കടമെടുത്താണു പണം നല്‍കിയത്. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ, ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി. ആത്മഹത്യയുടെ വക്കിലെത്തി. ഇതു ശ്രദ്ധിച്ച കുട്ടുകാരന്‍ നിര്‍ബന്ധിച്ചപ്പോഴാണു തട്ടിപ്പിനിരയായ കാര്യം പറഞ്ഞതും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതും.
Previous Post Next Post