രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ 60കാരൻ അറസ്റ്റിൽ

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്ക് വധഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ. 60കാരൻ ഐഷിലാൽ ജാം എന്ന ദയാസിംഗാണ് പിടിയിലായത്. കത്തയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിമിഷ് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവേശിച്ചയുടൻ രാഹുൽ ഗാന്ധിക്ക് നേരെ ബോംബെറിയുമെന്ന് കത്ത് അയച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇൻഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. പിന്നാലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 507 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഐഷിലാൽ ജാം ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Previous Post Next Post