പത്തനംതിട്ട : ഓര്‍ത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയെ രൂക്ഷമായി വിമർശിച്ച് മുന്‍ സഭാ സെക്രട്ടറിയും മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവുമായ ജോര്‍ജ് ജോസഫ്.
‘സഭയിലെ ആര്‍ക്കും താങ്ങാന്‍ പറ്റാത്ത ഒരാളായി ഇദ്ദേഹം മാറിയിരിക്കുകയാണ്. ഇദ്ദേഹത്തെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.
കയറൂരിവിട്ടിരിക്കുകയാണ്. പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ബന്ധമില്ലെന്ന് സഭ വ്യക്തമാക്കിയതാണ്. എന്നാല്‍, സഭയെ ഇതിലേക്ക് വലിച്ചിഴക്കാന്‍ കോണ്‍ഗ്രസുകാര്‍ പല തിരുമേനിമാരുമായും ബന്ധപ്പെട്ടിരുന്നു.
എല്ലാവരും കൈയൊഴിഞ്ഞപ്പോഴാണ് കുന്നംകുളം മെത്രാപ്പൊലീത്ത രക്ഷകനായെത്തിയത്..-ജോര്‍ജ് ജോസഫ് പറയുന്നു.
മന്ത്രി വീണാജോര്‍ജിന് എതിരേ പത്തനംതിട്ടയില്‍ ഓശാന ഞായര്‍ ദിവസം പുലര്‍ച്ചെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഉണ്ടായ പോലീസ് നടപടിയെ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ജോര്‍ജിന്റെ പ്രതികരണം പുറത്തുവന്നത്.
പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് കാര്‍ പിടിച്ചെടുക്കാന്‍ 70 പോലീസുകാര്‍ രാത്രി ചെന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആയിരുന്നു മെത്രാപ്പൊലീത്തയുടെ വിമര്‍ശനം.
മറുപടി അര്‍ഹിക്കുന്നില്ലെന്ന് മെത്രാപ്പൊലീത്ത
കുന്നംകുളം: മന്ത്രിയുടെ ഭര്‍ത്താവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ലെന്ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിലെ പ്രവര്‍ത്തകനെതിരെയുള്ള പോലീസ് രാജിനെതിരേയാണ് പ്രതികരിച്ചത്. ജനാധിപത്യവ്യവസ്ഥയില്‍ അതിനുള്ള സ്വാതന്ത്ര്യമില്ലേയെന്നും മെത്രാപ്പൊലീത്ത ചോദിച്ചു.