ഇടുക്കി : ഇടുക്കി, ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടി കാടുമാറ്റാനുള്ള മിഷന്‍ അരിക്കൊമ്പന്‍ ആരംഭിച്ചു. പുലര്‍ച്ചെ നാലേ മുക്കാലോടെ ദൗത്യസംഘം കാടുകയറി.
വനംവകുപ്പിന്റെ വെറ്റിനറി സർജൻ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് കാടുകയറിയത്. രാവിലെ 6.45 ഓടെ ദൗത്യ സംഘം അരിക്കൊമ്പനെ കണ്ടെത്തി. അരിക്കൊമ്പൻ ഇപ്പോൾ ട്രാക്കിങ് ടീമിന്റെ നിരീക്ഷണത്തിലാണ്.
അരിക്കൊമ്പനൊപ്പം മറ്റ് ഏതാനും ആനകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കുങ്കിയാനകൾ അരിക്കൊമ്പന് സമീപത്തേക്ക് പോകുകയാണ്. സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
നിലവിൽ കാലാവസ്ഥ അനുകൂലമാണ്. അങ്ങനെയെങ്കിൽ അരിക്കൊമ്പനെ
ഇന്നു തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദൗത്യസംഘം സൂചിപ്പിച്ചു.
ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കോടതി നിര്‍ദേശപ്രകാരം രഹസ്യമായാണ് നടപടികള്‍.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.