തിരുവനന്തപുരം : വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട്. മുങ്ങാൻ സാധ്യതയുള്ള ജീവികളെ മയക്കുവെടിവെയ്ക്കരുതെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പ്രതികൂല സാഹചര്യമുണ്ടായാൽ മറുമരുന്ന് ഉപയോഗിക്കാമെന്ന നിർദേശവും ലംഘിക്കപ്പെട്ടു.
ഇന്നലെ രാവിലെ 11മണിയോടെയാണ് കിണറ്റിൽ വീണ കരടി ചത്തത്. വെള്ളത്തിൽ മുങ്ങിയതാണ് കരടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരടിയെ രക്ഷിക്കുന്നതിൽ മാനദണ്ഡം കൃത്യമായി പാലിക്കാതിരുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടിൽ പറയുന്നത്.
കിണറിലെ ആഴം എത്രയാണ് എന്ന് മുൻകൂട്ടി മനസിലാക്കാൻ ശ്രമിച്ചില്ല. വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ചാൽ കിണറ്റിലെ വെള്ളത്തിന്റെ ആഴം അറിയാൻ സാധിക്കും. ഇത് അറിയാൻ ശ്രമിച്ചില്ല. ഇത് അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്ത് എടുക്കാമായിരുന്നു. വല ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരമുള്ള നടപടി ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
മുങ്ങാൻ സാധ്യതയുള്ള ജീവികൾ, ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കാൻ സാധ്യതയുള്ള ജീവികൾ, നദിക്കരക്ക് സമീപത്തായുള്ള ജീവികൾ എന്നിവയെ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ. വെള്ളനാട് ഇത് പാടേ ലംഘിക്കപ്പെട്ടതായാണ് കണ്ടെത്തൽ.
മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോൾ വല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകൾ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. മയക്കുവെടി ഏൽക്കുന്ന ജീവി, അപകസാഹചര്യത്തിലേക്ക് നീങ്ങിയാൽ ആന്റി ഡോട്ട്, അഥവാ മറുമരുന്ന് പ്രയോഗിക്കാം. വെള്ളനാട് അത് ഉണ്ടായില്ല. അപകസാധ്യയില്ലാതെ, കിണറ്റിൽ കിടക്കുന്ന കരടിയെ ധൃതിപ്പിടിച്ച് വെടിവയ്ക്കേണ്ടിയിരുന്നില്ലെന്നും വിമർശനമുണ്ട്.