വാഹനാപകടത്തിനെ തുടർന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി


തൃശൂര്‍: തളിക്കുളം വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയുടെ മാലയാണ് ബാബു പൊട്ടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാർ പിടികൂടുകയായിരുന്നു.

തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴു മണിയോടെ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവര്‍ മരിച്ചിരുന്നു. മകന്‍ ഷാജു (49), ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി (11), ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Previous Post Next Post