തിരുവനന്തപുരം : ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു.
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.
ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. പുലര്‍ച്ചെ 2:45 ന് വിഷുക്കണി ദർശനം ആരംഭിച്ചു. 3:45 വരെ ഒരു മണിക്കൂര്‍ ആണ് കണി ദര്‍ശനം നടന്നത് .
ശബരിമലയിൽ വിഷുക്കണി ദർശനം നടത്താൻ നിരവധി പേരാണ് എത്തിയത്. രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി നട അടച്ചു. വിഷു ദിനത്തിൽ പുലർച്ചെ 4ന് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിച്ചതിന് ശേഷം ഭക്തർക്ക് കണി ദർശനത്തിന് അവസരം നൽകി. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകുകയുണ്ടായി.