ജില്ലാ ആശുപത്രിക്ക് സൗജന്യമായി കിട്ടിയ ഒരു കോടിയുടെ എക്‌സ്റേ യൂണിറ്റ് എലി കരണ്ടു, നന്നാക്കാൻ വേണ്ടത് 30 ലക്ഷം; ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്


 
 പാലക്കാട് ; ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. മതിയായ സുരക്ഷ ഒരുക്കാതെ യന്ത്രം സൂക്ഷിച്ചതാണ് വിനയായത്.

2021 മാർച്ച് മൂന്നിനാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. അതേ വർഷം ഒക്ടോബർ 21നാണ് എലികടിച്ച് എക്സറേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരൻ സൂപ്രണ്ടിനെ അറിയിക്കുന്നത്.

 ഒരുപ്രാവശ്യം പോലും ഉപയോഗിക്കാത്ത എക്സറേ യൂണിറ്റാണ് അധികൃതരുടെ അലംഭാവത്തിൽ നശിച്ചത്. സംഭവത്തിൽ പരാതി ഉയർന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. 

ഈ അന്വേഷണത്തിൽ എലി കരണ്ടതിനെ തുടർന്നാണ് എക്സറേ യൂണിറ്റ് നശിച്ചതെന്ന് സ്ഥിരീകരിച്ചു. എന്നാൽ അധികൃതരുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല. എലി കരണ്ട ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപയാണ് വേണ്ടിവരുന്നത്.


Previous Post Next Post