ശ്വാസം പരിശോധിക്കാനെന്ന പേരില്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു'- ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ മൊഴി പുറത്ത്


 
ബ്രിജ് ഭൂഷൻ ശരൺ


 ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരെ ഗുസ്തി താരങ്ങളുടെ മൊഴി. രണ്ട് മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബ്രിജ് ഭൂഷന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി മൊഴിയില്‍ പറയുന്നു. എട്ട് തവണ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായും താരങ്ങള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. 

ശ്വാസം പരിശോധിക്കാനെന്ന വ്യാജേന എത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നും മൊഴിയിലുണ്ട്. ഫെഡറേഷന്‍ ഓഫീസ്, പരിശീലന കേന്ദ്രം, വിവിധ ടൂര്‍ണമെന്റ് നടന്ന വേദികള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ വച്ചെല്ലാം അതിക്രമം നേരിടേണ്ടി വന്നു.  

ബ്രിജ് ഭൂഷനെതിരെ ഏഴ് ഗുസ്തി താരങ്ങളാണ് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു താരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. പരാതിക്ക് പിന്നാലെ ഏഴ് താരങ്ങളുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ രണ്ട് പേരുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

മൊഴി പുറത്തു വന്നെങ്കിലും ബ്രിജ് ഭൂഷനെതിരെ ഇപ്പോഴും പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ നടപടികള്‍ നീളുകയാണ്.

മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താത്ത കാര്യം കഴിഞ്ഞ ദിവസം താരങ്ങള്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റിന്റെ സമയം തേടിയിട്ടുണ്ടെന്നാണ് ഇക്കാര്യത്തില്‍ പൊലീസ് നല്‍കിയ മറുപടി.
Previous Post Next Post