കണ്ണൂർ: ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുപുഴ പാടിച്ചാലിലെ ഷാജി – ശ്രീജ ദമ്പതികൾ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ആത്മഹത്യക്ക് മുമ്പ് ഇവർ പൊലീസിനെ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പുലർച്ചെ 6 മണിയൊടെയാണ് ഫോൺ വിളിച്ചത്. എന്നാൽ പൊലീസ് എത്തുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു എന്ന് ഡി വൈ എസ് പി പ്രേമരാജൻ വ്യക്തമാക്കി. ഷാജിയും ശ്രീജയും തമ്മിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നതായും ഡി വൈ എസ് പി പ്രേമരാജൻ അറിയിച്ചു. ഇത് സംബന്ധിച്ച പരാതി അന്വേഷിക്കാൻ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു എന്നും ഡി വൈ എസ് പി വ്യക്തമാക്കി.
കണ്ണൂർ ചെറുപുഴ പാടിച്ചാലിലാണ് ഇന്ന് പുലർച്ചെ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഷാജി – ശ്രീജ ദമ്പതികളും 3 മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. കുട്ടികളായ സൂരജ് (12),സുജിൻ (10), സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം നടന്നതെന്നാണ് വിവരം. കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.