തടിപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചുകയറി; യുവാവ് രക്തംവാര്‍ന്ന് മരിച്ചു


തടിപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു. തിരുവനന്തപുരം വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനില്‍ രാധാകൃഷ്ണന്‍ (41 ) ആണ് മരിച്ചത്. ജോലിയ്ക്കിടെ യന്ത്രത്തിന്റെ ഡിസ്‌ക് ബ്ലേഡ് പൊട്ടി രാധാകൃഷ്ണന്റെ തുടയില്‍ തുളച്ചു കയറുകയായിരുന്നു.

വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിന്റെ വീട്ടില്‍ ജോലിയ്ക്കിടെ ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം. ഫ്രെയിമുകള്‍ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്തുന്നതിനയി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്. സംഭവം നടന്ന ഉടന്‍ തന്നെ ആംബുലന്‍സ് എത്തിച്ച് രാധാകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടയിലെ പ്രധാന രക്തക്കുഴല്‍ മുറിഞ്ഞ് അമിതരക്ത സ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നീതുവാണ് രാധാകൃഷ്ണന്റെ ഭാര്യ. മകള്‍ നികുഞ്ജന. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സഹോദരന്റെ കുടുംബത്തിനും പിതാവിനും ഒപ്പമായിരുന്നു രാധാകൃഷ്ണന്റെയും കുടുംബത്തിന്റെയും താമസം. അതിനിടെ സ്വന്തംവീട് നിര്‍മിക്കാന്‍ മൂന്ന് സെന്റ് ഭൂമി വാങ്ങി. അവിടെ വായ്പയെടുത്ത് വീട് നിര്‍മാണം തുടങ്ങിയിരുന്നു. അതിനിടെയാണ് രാധാകൃഷ്ണന്റെ മരണം.

 
أحدث أقدم