പോത്തൻകോട് കട ഉടമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കടയുടെ മുന്നിൽ കണ്ടെത്തി. തോന്നയ്ക്കൽ ശാസ്തവട്ടം ശാന്തിനഗർ കുന്നുംപുറത്തു വീട് ചോതി നിലയത്തിൽ കിച്ചൂസ് സ്റ്റോർ ഉടമ സി. രാജു (62) ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രാജുവിന്റെ വീടിനോട് ചേർന്നാണ് കടയുള്ളത്. റോഡരികിലുള്ള കടയുടെ മുന്നിൽ ഗേറ്റിനോടു ചേർന്നായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇരുമ്പു ഗേറ്റ് അകത്തു നിന്നു പൂട്ടിയിരുന്നു. മൃതദേഹത്തിനു സമീപം കാർഡ് ബോർഡുകൾ കത്തിയമർന്നതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. രാവിലെ രാജുവിന്റെ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
ഇന്നലെ പുലർച്ചെ 1.12 ന് തീ ആളിപ്പടരുന്നതു സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സമയത്ത് സമീപ വീട്ടിലും രാജുവിന്റെ വീട്ടിലും വെളിച്ചം തെളിയുന്നതും അകത്തു നിന്ന് ആൾ വന്നു നോക്കി പോകുന്നതും വെളിച്ചം കെടുന്നതുമെല്ലാം കാണാം. പ്രത്യേക ഗന്ധവും തീ ആളിപ്പടരുന്നതും കണ്ടു ഭയന്നാണു പുറത്തിറങ്ങാതിരുന്നതെന്നാണു ഷീല പിന്നീടു പൊലീസിനോട് പറഞ്ഞത്.
ഭാര്യയുമായി പിണക്കത്തിലായിരുന്ന രാജു ഏറെ നാളായി കടയോടു ചേർന്ന ഷീറ്റിട്ട ചായ്പിലെ സ്ലാബിനു മുകളിലാണു കിടന്നിരുന്നത്. സംഭവദിവസവും കിടക്കാനായി രാജു പായ വിരിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. സൈക്കിളിൽ മാത്രം യാത്ര ചെയ്യുന്ന രാജുവിന്റെ കടയിൽ മൂന്നു ദിവസമായി പെട്രോൾ നിറച്ച ഒരു കുപ്പി കണ്ടതായി സ്ഥലവാസി പൊലീസിനോട് പറഞ്ഞു.ഫൊറൻസിക്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെ വരുത്തി തെളിവുകൾ ശേഖരിച്ചു.