അമ്പലപ്പുഴ: വൈദ്യുതി ലൈനിൽ കേബിൾ ബന്ധിപ്പിച്ച് ബൈക്കിൽ ചുറ്റി യുവാവിനെ അപായപ്പെടുത്താൻ ശ്രമം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി ഉഷാ ഭവനിൽ അനിൽ കുമാർ(41)നെയാണ് ഇരുട്ടിന്റെ മറവിൽ അപായപ്പെടുത്താൻ നീക്കം നടന്നത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് അമ്പലപ്പുഴ പൊലീസ് അന്വഷണമാരംഭിച്ചു.
സി.പി. എം അംഗവും നിർമ്മാണ തൊഴിലാളി യൂണിയൻ കരുമാടി യൂണിറ്റ് കൺവീനറുമായ അനിൽ കുമാർ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്കിലാണ് വൈദ്യുതി ബന്ധിപ്പിച്ചത്. വീടിന് സമീപത്തുള്ള പോസ്റ്റിലെ വൈദ്യുതി കമ്പിയിലാണ് കേബിൾ ഘടിപ്പിച്ചത്. ഷെഡ് വരെ കേബിൾ എത്താതിരുന്നതിനാൽ ബൈക്ക് തള്ളിനീക്കിയ ശേഷം ഇതിന് മുകളിൽ ഇരുമ്പു കസേര വെച്ച് അതിൽ കേബിൾ ബന്ധിപ്പിക്കുകയായിരുന്നു.
തിങ്കൾ പുലർച്ചെ ബൈക്ക് പാർക്ക് ചെയ്തിരുന്നിടത്തു നിന്ന് സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ട്, അനിൽകുമാർ നടത്തിയ പരിശോധനയിലാണ് വൈദ്യുതി ബന്ധിപ്പിച്ചത് കണ്ടെത്തിയത്. ഉടൻ അമ്പലപ്പുഴ പൊലീസിനേയും, കെ. എസ്. ഇ. ബി സെക്ഷൻ ഓഫീസിലും വിവരമറിയിച്ചു. ഇവിടെ നിന്ന് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വേർപെടുത്തുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പ്രായമായ അച്ഛനും അമ്മയും മാത്രമാണ് അനിൽ കുമാറിനൊപ്പം വീട്ടിലുള്ളത്. ഇവർ രാത്രിയിൽ പുറത്തിറങ്ങിയിരുന്നുവെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരുകയാണന്ന് സി .ഐ പറഞ്ഞു.