പത്തനംതിട്ട പന്തളത്ത് ദമ്പതികളെ വാന്‍ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനെതിരെ വധശ്രമത്തിന് കേസെടുത്തു


നരിയാപുരം സ്വദേശി ഫാ. ഗീവര്‍ഗീസ് കോശിക്കെതിരെയാണ് കേസ്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സമീപവാസികളായ ദമ്പതികളെ വാനിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുളക്കുഴയില്‍ നിന്നും നരിയാപുരത്തേക്ക് വരികയായിരുന്ന തങ്കച്ചന്‍ ബാബുവും ഭാര്യ അനിതയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വൈദികനായ ഗീവര്‍ഗീസ് മനഃപൂര്‍വം മാരുതി വാനിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അനിത പറഞ്ഞു.

സമീപവാസികളായ തങ്കച്ചനും പുരോഹിതനുമായി അഞ്ചു വര്‍ഷത്തോളമായി വഴി തര്‍ക്കം നിലവിലുണ്ട്. വൈരാഗ്യത്തിന്റെ പേരില്‍ മുന്‍പും വൈദികന്‍ തങ്ങള്‍ക്ക് നേരെ സമാനമായ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഈ വിവരം പോലീസ് അധികൃതരുടെയും കോടതിയുടെയും ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുള്ളതാണെന്നും അനിത പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍, വൈദികന്‍ പല തവണ ഓമ്‌നി വാന്‍ ഉപയോഗിച്ച് തട്ടിയതായും ഇരുവരും പോലീസിന് മൊഴി നല്‍കി.

വീഴ്ചയില്‍ സാരമായി പരുക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് കെ.പി.സി 324, 308 വകുപ്പുകള്‍ ചുമത്തി ഗീവര്‍ഗീസ് കോശിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Previous Post Next Post