യുകെയിൽ നാലാം കൺമണിക്കു ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി യുവതി മരിച്ചു;...



ലണ്ടൻ/പാലക്കാട്നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയതിന് മണിക്കൂറുകൾക്കകം അസ്വസ്‌ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയിലെ ബോസ്റ്റണിൽ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്. ഭർത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസ്

നാല് ചെറിയ മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും ദുഃഖത്തിലാഴ്ത്തിയാണ് ചിഞ്ചുവിന്റെ അപ്രതീക്ഷിത വേർപാട്. നാലു വർഷം മുൻപാണ് ചിഞ്ചു നഴ്സായി ജോലി ലഭിച്ചതിനെ തുടർന്ന് ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ ജോലിക്കായി യുകെയിലെത്തിയത്. ഏതാനും മാസങ്ങൾക്കുശേഷം ഭർത്താവ് എമിലും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞ് യുകെയിൽവച്ചാണ് ജനിച്ചത്. ജീവിതം പതിയെ കരുപ്പിടിപ്പിച്ച കുടുംബം ഒരു വർഷം മുൻപാണ് ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുവെന്ന് കരുതിയിരുന്ന ഈ കുടുംബത്തെയാണ് അപ്രതീക്ഷിത ദുരന്തം കണ്ണീരിലാഴ്ത്തിയത്.

നാലാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ജൂലൈ 6-ന് (തിങ്കളാഴ്‌ച) ചിഞ്ചുവിനെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 7-ന് (ചൊവ്വാഴ്‌ച) ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്ന‌ങ്ങൾ ഇല്ലെന്ന വിലയിരുത്തിയതിനെ തുടർന്ന് ജൂലൈ 8-ന് (ബുധനാഴ്‌ച) വൈകിട്ട് 6.30-ഓടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത‌്‌ വീട്ടിലേക്ക് മടങ്ങി.

എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പേ ചിഞ്ചുവിന് ശാരീരിക അസ്വസ്‌ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ വീണ്ടും ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപ്രതിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്‌ച പുലർച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്‌ഥിരീകരണത്തിനും തുടർ മെഡിക്കൽ നടപടികൾക്കും കാത്തിരിക്കുകയാണ് കുടുംബം.

Previous Post Next Post