കുട്ടികൾക്കെതിരെയുളള അതിക്രമത്തിൽ വന്‍ വർധന; 214 കൊലപാതകങ്ങള്‍,ആറര വർഷത്തിനിടെ 9604 പോക്സോ കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. പത്തിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏഴു വർഷത്തിനുള്ളിൽ 214 കുട്ടികൾ കൊല്ലപ്പെട്ടു. ആറര വർഷത്തിനിടയിൽ 9604 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.

2016 മുതൽ 2023 മേയ് വരെയുള്ള കണക്കുകളിലാണ് 214 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഓരോ വർഷവും വർധിക്കുന്നു എന്നാണ് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. ഇതിൽ ഏറെയും ലൈംഗിക അതിക്രമ കേസുകളാണ്.

സ്ത്രീ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും സർക്കാർ മുൻഗണന നൽകുന്ന കാലത്താണ് ഏഴു വർഷത്തിനിടെ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ അടക്കം 214 കുഞ്ഞുങ്ങൾ കൊല ചെയ്യപ്പെടുന്നത്. 2016 മുതൽ 2023 വരെ 1618 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 ൽ 2879 കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. 2008 ൽ 549 കേസാണ് റിപ്പോർട്ട് ചെയ്തത്. 2022 ൽ കേസുകളുടെ എണ്ണം 5315 ആയി ഉയർന്നു. ഈ വർഷം മെയ് വരെ 2124 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Previous Post Next Post