ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുഖ്യമന്ത്രി


ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിനുമാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍–3 വിക്ഷേപിച്ചു. ചാന്ദ്രയാൻ പേടകം ഒന്നാം ഭ്രമണ പദത്തിലെത്തി. ആഹ്ളാദം പങ്കുവച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഏറെ അഭിമാനമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ചന്ദ്രയാൻ– 3 വഹിച്ചുകൊണ്ട് എൽവിഎം3– എം4 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3– എം4 റോക്കറ്റ്. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇനി അടുത്തമാസം 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പാണ്. ദൗത്യം വിജയം കാണുന്നതോടെ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയ്യിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.
Previous Post Next Post