തൃശൂർ : ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് പെൺകുട്ടിയെ യുവാവ് കടത്തിയതായി പരാതി. തൃശൂർ റയിൽവെ സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് വിവരങ്ങൾ ചോദിച്ചറിയാൻ സ്റ്റേഷനിലുള്ളിലെ ചൈൽഡ് ലൈൻ അംഗങ്ങൾ ഓഫീസ് മുറിയിലേക്ക് ഇരുവരെയും കൂട്ടിക്കൊണ്ട് വരികയായിരുന്നു.
റയിൽവെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ പെൺകുട്ടിയോട് സംസാരിക്കുന്ന സമയത്ത് യുവാവ് പൊട്ടിച്ച ബിയർ കുപ്പി ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
പെൺകുട്ടിയ്ക്കൊപ്പം തൃശൂർ സ്റ്റേഷനിൽ നിന്നും ഓടിത്തുടങ്ങിയ ട്രെയ്നിലേക്ക് യുവാവ് ചാടിക്കയറിയെങ്കിലും യാത്രക്കാർ അപായ ചങ്ങല വലിച്ചതോടെ ട്രെയിൻ നിന്നു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു.
കുപ്പിച്ചില്ല് കൊണ്ട് ചൈൽഡ് ലൈൻ അംഗത്തിന് വിരലിന് പരിക്കേറ്റു. ഇരുവരേയും കണ്ടെത്താൻ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .