വാടകവീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം; കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു, തീയിട്ടു, കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചെന്നും പരാതി


തിരുവനന്തപുരം: വാടകവീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വഴക്കിനിടെ വാഹനത്തിന് തീയിട്ടതായി പരാതി. കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത ശേഷം തീയിടുകയായിരുന്നു. 

മലയിന്‍കീഴ് പൊറ്റ കാവിന്‍പുറത്ത് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഓഫീസിനു സമീപം ലേഖ നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന റീനയുടെ വാഹനമാണ് തകര്‍ത്തത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കെതിരെയാണ് പരാതി. 

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.  വീടിന്റെ താഴത്തെ നിലയിലെ താമസക്കാരനായ മഹേഷ് കുമാറിന്റെ ബന്ധുവാണ് വൈകിട്ട് വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയത്. ഈ സമയം ഗുഡ്സ് ഓട്ടോയില്‍ വന്ന രണ്ടാമത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നയാള്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചു. 

റീന നോക്കാനിറങ്ങിയപ്പോള്‍ അസഭ്യം പറഞ്ഞ് കാര്‍ മാറ്റിയിടാന്‍ പറഞ്ഞു.  മഹേഷ് കുമാര്‍ ഇറങ്ങിവന്നപ്പോള്‍ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തിറങ്ങി കാര്‍ മാറ്റാനെത്തിയപ്പോള്‍ ഇയാള്‍ മഹേഷിനെ മര്‍ദിക്കുകയും ചെയ്തു. റീന മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടാം നിലയിലെ താമസക്കാരനും സംഘവും കാര്‍ അടിച്ചു തകര്‍ക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.

വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യം മൊബൈലില്‍  പകര്‍ത്തുന്നതിനിടെ റീനയുടെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും രണ്ട് തവണ തീപ്പട്ടി കത്തിച്ചെറിയുകയും ചെയ്‌തെന്നും റീന പറഞ്ഞു. ഇതിന് ശേഷം സംഘം സ്ഥലത്തുനിന്ന് പോയി. പരാതിയില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
Previous Post Next Post