ഇടുക്കി : ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നു വിരമിച്ചു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇടുക്കി കെ നയൻ ഡോഗ് സ്‌ക്വാഡിലെ ഡോഗ് ജെനിക്ക് ഇനി വിശ്രമ ജീവിതം.
ജെനിയുടെ വിരമിക്കൽ ചടങ്ങുകൾ ഡോഗ് സ്‌ക്വാഡിൽ നടന്നു.
സർവ്വീസിൽ നിന്നും വിരമിച്ചശേഷം പരിപാലിക്കുന്നതിനായി ജെനിയുടെ ഹാന്റലറായ ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സാബു പി.സി വകുപ്പുതല അനുവാദത്തോടെ ഇടുക്കി ജില്ലാപോലീസ് മേധാവി വി.യു കുര്യാക്കോസിൽ നിന്നു ജെനിയെ ഏറ്റുവാങ്ങി.
ഇനി എ.എസ്.ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിൽ ആകും ജെനി വിശ്രമജീവിതം നയിക്കുക.
2014-2015 വർഷത്തിൽ തൃശൂർ കേരളാ പോലീസ് അക്കാദമിയിൽ നിന്നു പ്രാഥമിക പരിശീലനം പൂർത്തീകരിച്ച ജെനി 2015 ജനുവരി മുതൽ 2023 ജൂലൈ വരെ ഇടുക്കി ജില്ലയിൽ സേവനം ചെയ്തു. 2015 വർഷത്തിൽ അടിമാലിയിൽ നടന്ന പ്രമാദമായ രാജധാനി കൊലക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിൽ ജെനി നിർണ്ണായക പങ്ക് വഹിച്ചു.
നിരവധി കൊലപാതകങ്ങൾ, വ്യക്തികളെ കാണാതെ പോകൽ, മോഷണം തുടങ്ങിയ കേസുകളിൽ തെളിവുകളുണ്ടാക്കി.