ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയല്ല, കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; അമ്മയും സ്വവർഗ പങ്കാളിയും അറസ്റ്റിൽ


6 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയും അവരുടെ സ്വവർഗ പങ്കാളിയും അറസ്റ്റിൽ. കുട്ടിയുടെ അസ്വാഭാവിക മരണത്തെ കുറിച്ച് കുഞ്ഞിന്റെ അച്ഛന്റെ സംശയങ്ങൾ കേസിൽ നിർണായക വഴിത്തിരിവായി.

ഈ മാസമാദ്യമാണ് കൃഷ്ണ ഗിരിയിൽ കേസിന് ആസ്പദമായ സംഭവമുണ്ടായത്. മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആദ്യം പൊലീസ് ഉൾപ്പെടെ കരുതിയിരുന്നത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയില്ല. കുഞ്ഞിന്റെ മൃതദേഹം സ്വന്തം പറമ്പിൽ തന്നെയാണ് അടക്കം ചെയ്തത്.

കുഞ്ഞിന്റെ മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, അമ്മയും മറ്റൊരു സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്നാരോപിച്ച് അച്ഛൻ അധികൃതരെ സമീപിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തിനും കുഞ്ഞിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിന് ശേഷം, പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു. പിന്നീട് ശ്വാസം മുട്ടിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് തെളിയുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, ഭർത്താവിന്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ലെന്നും അവർ പറഞ്ഞതായും പൊലീസ് പറയുന്നു.

Previous Post Next Post