സെക്രട്ടറി തിരഞ്ഞെടുപ്പിലെ തർക്കം; ഡിവൈഎഫ്ഐ സമ്മേളനത്തിൽ വാക്കുതർക്കവും കയ്യേറ്റവും


തിരുവനന്തപുരം: ഡിവൈഎഫ്ഐ സമ്മേളനത്തിൽ വാക്കുതർക്കവും കയ്യേറ്റവും. ബാലരാമപുരം സൗത്ത് മേഖലാ സമ്മേളനത്തിലായിരുന്നു വാക്കുതർക്കവും തുടർന്ന് കയ്യേറ്റവുമുണ്ടായത്. സെക്രട്ടറി തിരഞ്ഞെടുപ്പിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സിപിഐഎം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്റെ നോമിനി അനജിനെ മേഖലാ സെക്രട്ടറിയാക്കാൻ ഔദ്യോഗിക വിഭാഗം ശ്രമിച്ചു. എന്നാൽ ഇയാളെ ഭാരവാഹിയാക്കുന്നതിനെ മറു വിഭാഗം എതിർത്തു. കുടുംബ തർക്കത്തിനിടെ മുത്തച്ഛൻ കൊല്ലപ്പെട്ട കേസിലെ പ്രതിയെ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കരുത് എന്ന് ഇവർ വാദിച്ചു. നിലവിലെ മേഖല സെക്രട്ടറി നവനീത് തുടരട്ടെ എന്നായിരുന്നു ഇവരുടെ ആവശ്യം.

എന്നാൽ ഡിവൈഎഫ്ഐ നേതാവിന്റെ ലഹരി ഉപയോഗം പുറത്തുവിട്ടതിന് പാർട്ടി അന്വേഷണം നേരിടുന്ന നവനീത് തുടരേണ്ട എന്ന് എതിർഭാഗം വാദിച്ചു. ഇതേ തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഒടുവിൽ അനജിനെ സെക്രട്ടറിയാക്കിയും നവനീതിനെ പ്രസിഡന്റാക്കിയും പ്രശ്നം പരിഹരിക്കുകയായിരുന്നു. നേമം ഏരിയാ കമ്മിറ്റിയിലെ സിപിഐഎം വിഭാഗീയതയാണ് ഡിവൈഎഫ്ഐ സമ്മേളനത്തിലെ വാക്കുതർക്കത്തിന് വഴി ഒരുക്കിയതെന്നാണ് സൂചന.
Previous Post Next Post