തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം തമ്പുരാൻമുക്ക് കൈപ്പള്ളി നഗർ താര 226ൽ പ്രകാശനെന്ന ഹരിപ്രകാശിനെയാണ് (52) കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. ഇയാൾ ഇടയ്ക്കിടെ മാറി നിൽക്കാറുണ്ടായിരുന്നതിനാൽ ആരുമത് ശ്രദ്ധിച്ചിരുന്നില്ല.
ചൊവ്വാഴ്ച രാത്രി പ്രകാശന്റെ വീടിനടുത്തെ ആളൊഴിഞ്ഞ വീടിന്റെ മുകൾ നിലയിൽ രണ്ട് പേർ മദ്യപിക്കുന്നതു കണ്ട നാട്ടുകാർ കെട്ടിടമുടമയെ വിവരമറിയിച്ചു. തുടർന്ന് ഉടമ അറിയിച്ചതു പ്രകാരം പൊലീസെത്തിയപ്പോൾ പ്രകാശൻ സമീപത്തെ മതിലുചാടി കടക്കാൻ ശ്രമിക്കവേ വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്നയാൾ മദ്യപിച്ച് അവശനായിരുന്നതിനാൽ പൊലീസ് അയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.
തമ്പുരാൻമുക്ക് കൈപ്പള്ളി നഗറിലെ റിട്ട. അദ്ധ്യാപിക ജ്യോതിയുടെ വീടിനു പിറകിലായാണ് ഒരു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം പ്രകാശന്റെ വളർത്തുനായ കണ്ടെത്തിയത്. നായ പ്രകാശന്റെ അമ്മ അന്നമ്മയെ സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇയാൾ കട വാടകയ്ക്ക് നൽകിയും ഫ്ളാറ്റുകളിൽ പാൽ വില്പന നടത്തിയുമാണ് ജീവിച്ചിരുന്നത്.
ഭാര്യയുമായി വേർപിരിഞ്ഞാണ് ഏറെക്കാലമായി താമസം. പിതാവ്: പരേതനായ കുമരേശൻ. മകൾ: അനാമിക. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.