ഉമ്മന്‍ ചാണ്ടിയുടെ പൊതുദര്‍ശനത്തിനിടെ കെപിസിസി ഓഫീസില്‍ വന്‍ പോക്കറ്റടി; പഴ്‌സ് നഷ്ടമായത് നിരവധിപേര്‍ക്ക്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസായ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി. നിരവധി പേരുടെ പഴ്സുകള്‍ കാണാതായതായി പരാതിയുണ്ട്. പതിനഞ്ചോളം പഴ്സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു.

ആള്‍ക്കൂട്ടത്തില്‍ പഴ്സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പത്തോളം പഴ്സുകള്‍ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസിന്റെ പരിസര പ്രദേശങ്ങളില്‍നിന്ന് കിട്ടിയ പഴ്സുകളിലും പണമുണ്ടായിരുന്നില്ല.

എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കെപിസിസി ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട കുറച്ച് പഴ്സുകള്‍ ലഭിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നല്‍കാത്തവരുമുണ്ടെന്നാണ് വിലയിരുത്തല്‍
Previous Post Next Post