ചെങ്ങന്നൂര്‍: റോഡില്‍ നിന്ന യുവാവിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി.
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ചന്ദ്രത്ത് വീട്ടില്‍ നിതിന്‍ പി. മാത്യു (30)നെ ആണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് വൈകിട്ട് 4 മണിയോടെ കള്ളിക്കാട്ടുപടി ജംഗ്ഷനില്‍ ഒരു കടയുടെ മുന്‍വശം നില്‍ക്കുകയായിരുന്ന തിരുവന്‍വണ്ടൂര്‍ ഇലവും പറമ്പില്‍ ഷിക്കു കുര്യാക്കോസ് (29) നെയാണ് ഇയാള്‍ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
ഷിക്കുവിന്റെ സുഹൃത്ത് വിപിന്‍ എന്നയാളെ അന്വേഷിച്ച് ഒരു സ്‌കോര്‍പിയോ കാറില്‍ സ്ഥലത്ത് വന്ന നിതിന്‍ തന്റെ അരയില്‍ ചുറ്റിയിരുന്ന ഒരു സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് ഷിക്കുവിന്റെ തലയ്ക്കും പുറത്തും അടിക്കുകയും തടയാന്‍ ശ്രമിച്ച ഇയാളെ നെഞ്ചില്‍ കയറിയിരുന്ന് സൈക്കിള്‍ ചെയിന്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു.
സംഭവസ്ഥലത്ത് നിന്നും സ്‌കോര്‍പിയോ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ റോഡില്‍ തടസമായി പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സ് മാറ്റാന്‍ ആവശ്യപ്പെടുകയും ഡ്രൈവര്‍ വന്ന് ആംബുലന്‍സ് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ സ്‌കോര്‍പിയോ പിന്നിലേക്ക് എടുത്ത് ആംബുലന്‍സിന്റെ മുന്‍വശത്തേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നു.
തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെ ഇയാള്‍ കൈയ്യേറ്റം ചെയ്ത ശേഷം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. നിതിന്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണ്.
ചെങ്ങന്നൂര്‍ സിഐ എ.സി വിപിന്‍, എസ്‌ഐ വി.എസ് ശ്രീജിത്ത്, എസ്‌ഐ ഷമീര്‍, ഗ്രേഡ് എസ്‌ഐ ഗോപാലകൃഷ്ണന്‍, സിപിഒ സച്ചിന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.