കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യ ഞായർ… കല്ലറയിലേക്ക് ജനപ്രവാഹം


കോട്ടയം :  പുതുപ്പള്ളിക്കാർക്ക് ഇന്ന് ‘ദുഃഖ ഞായർ’ ആയിരുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇല്ലാത്ത ഒരു ഞായറാഴ്ച എന്നത് പുതുപ്പള്ളി പള്ളിയിലെ ഇടവകക്കാർക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ച, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ നിരവധിപ്പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നത്. മെഴുകുതിരികളും പൂക്കളുമായി എത്തുന്ന അവരെ പ്രിയ നേതാവിന്റെ ശൂന്യത വല്ലാതെ അലട്ടുന്നു.

1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തുമെന്നത്. 40 വർഷം മുടങ്ങാതെ ആ പതിവ് തുടർന്നു. പുതുപ്പള്ളിയെന്ന നാട് ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നെങ്കിൽ പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ എക്കാലവും ഉമ്മൻ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം.


Previous Post Next Post