കോട്ടയം – മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നു
പുറത്താക്കി. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വർഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓർമിച്ചു. ഇതിനുള്ളനന്ദിസൂചകമായി ചാണ്ടി ഉമ്മന് ഇക്കുറി വോട്ട് ചെയ്യുമെന്നും പറഞ്ഞു.
ഞായറാഴ്ച ചാനൽ ഇതു സംപ്രേഷണം ചെയ്തു. ഇന്നലെ ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നു.
ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു.
അതേസമയം, കുടുംബശ്രീയിൽ നിന്നാണു സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണു പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ പറഞ്ഞു.