ന്യൂഡൽഹി∙ 2019ലെ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും. ഹർജിക്കാരന്റേത് മാത്രമല്ല, തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെ കോടതി വിമർശിച്ചു.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിക്കുന്നത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.