ശബരിമല തീർഥാടകരുടെ ശ്രദ്ധയ്ക്ക്; കന്നി ഒന്ന് 17ന് അല്ല, 18നാണ്; നട തുറക്കുന്നത് 17ന് വൈകിട്ട്



പത്തനംതിട്ട: കന്നിമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത് സെപ്റ്റംബർ 17ന് വൈകിട്ട്. 18നാണ് കന്നി ഒന്ന്. മലയാള വർഷ പഞ്ചാംഗങ്ങളുടെ വ്യത്യാസത്താൽ കന്നിമാസം ഒന്ന് എന്നത് സെപ്റ്റംബർ 17 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പഞ്ചാംഗ പ്രകാരം കന്നിമാസം ആരംഭിക്കുന്നത് 18നാണ്. ഇതനുസരിച്ചാകും പൂജകൾ നടക്കുന്നത്.


ദേവസ്വം ബോർഡ് കലണ്ടറും പഞ്ചാംഗവും പ്രകാരം ചിങ്ങമാസം 32 ദിവസം ഉള്ളതിനാൽ 18നാണ് കന്നി ഒന്ന്. മറ്റു കലണ്ടറുകളിൽ ചിങ്ങം 31വരെ മാത്രമേ ഉള്ളൂ. അതിൽ കന്നി ഒന്ന് എന്നത് സെപ്റ്റംബർ 17 ആണ്. ഇതാണ് വ്യത്യാസത്തിനു കാരണം. 17ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോൽ കൈമാറും. അതിനു ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിക്കും.നട തുറക്കുന്ന ദിവസം വിശേഷാൽ പൂജകളില്ല. 18ന് പുലർച്ചെ അഞ്ചിന് തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതിഹോമത്തോടെ കന്നിമാസ പൂജ ആരംഭിക്കും. 22വരെ പൂജകൾ ഉണ്ടാകും. ദിവസവും പുലർച്ചെ 5:30 മുതൽ 10വരെ തീർഥാടകർക്ക് നെയ്യഭിഷേകത്തിന് അവസരമുണ്ട്. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ടാകും.17ന് രാവിലെ മുതൽ മാത്രമേ പമ്പയിൽനിന്നു സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുകയുള്ളൂവെന്നും നേരത്തെയെത്തി ക്യാംപ് ചെയ്യേണ്ട ആവശ്യമില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 17ന് ദർശന സൗകര്യമൊരുക്കുന്നതല്ലാതെ പൂജയില്ല. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉദയാസ്തമന സമയങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണ് പഞ്ചാംഗങ്ങളിൽ വ്യത്യാസം ഉണ്ടാകാൻ കാരണമെന്ന് ജ്യോതിഷ ശാസ്ത്രവിചാരം ഭാരവാഹികൾ പറയുന്നു. തിരുവനന്തപുരത്തെ സമയം അനുസരിച്ചാകും വരുംവർഷങ്ങളിൽ പഞ്ചാംഗം തയ്യാറാക്കുന്നതെന്നും ഇവർ അറിയിച്ചു.
Previous Post Next Post