രേഖകളും കിടപ്പാടവും നഷ്ടമായി യുഎഇയില്‍ പാര്‍ക്കില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടലെത്തിച്ചു



ദുബായ്: വിസിറ്റ് വിസയില്‍ യുഎഇയിലെത്തിയ ശേഷം മതിയായ രേഖകളില്ലാതെ മാസങ്ങളായി പ്രതിസന്ധിയിലകപ്പെട്ട മലയാളിയെ സമൂഹിക പ്രവര്‍ത്തകരുടെയും അധികാരികളുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചയച്ചു. വിസ കാലാവധി കഴിയുകയും താമസിക്കാന്‍ ഇടമില്ലാതെയും ജോലിയില്ലാതെയും പ്രയാസത്തിലാവുകയും ചെയ്ത തൃശൂര്‍ സ്വദേശി മുഹ്‌സിന്‍ ആണ് നാട്ടിലേക്ക് മടങ്ങിയത്.



വാടക നല്‍കാന്‍ കഴിയാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടി വന്ന മുഹ്‌സിന്‍ പ്രദേശത്തെ പാര്‍ക്കില്‍ അഭയംതേടുകയായിരുന്നു. സഹായിക്കാന്‍ ആരുമില്ലാതെ പാര്‍ക്കില്‍ കഴിയുന്നത് ശ്രദ്ധയില്‍പെട്ടതോടെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് രേഖകള്‍ ശരിയാക്കിനല്‍കുകയും വിമാന ടിക്കറ്റ് നല്‍കി മടക്കയാത്രയ്ക്ക് വഴിയൊരുക്കുകയുമായിരുന്നു.2023 മാര്‍ച്ചിലാണ് സന്ദര്‍ശന വിസയില്‍ 49 കാരനായ മുഹ്‌സിന്‍ ജോലി തേടി യുഎഇയില്‍ എത്തിയത്. താമസിയാതെ, പാസ്‌പോര്‍ട്ടും മറ്റ് രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി മുഹ്‌സിന്‍ പറയുന്നു. മതിയായ ജോലി ലഭിക്കാത്തതിനാല്‍ വിസ സ്റ്റാറ്റസ് മാറ്റാനായില്ല. വിസ കാലാവധി ഇതിനിടെ അവസാനിക്കുകയും ചെയ്തു. രേഖകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യയിലേക്ക് മടങ്ങാനും മാര്‍ഗമില്ലാതെയായി.വിസ കാലാവധി കഴിഞ്ഞതിനാല്‍ ഓവര്‍‌സ്റ്റേ പിഴ ചുമത്തപ്പെട്ടു. കാലാവധിക്ക് ശേഷമുള്ള ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതമാണ് പിഴ. ജോലിയോ രേഖകളോ ഇല്ലാത്തതിനാല്‍ ഇത് അടയ്ക്കാനും നിര്‍വാഹമുണ്ടായിരുന്നില്ല. ഇതിനിടെ വാടക കൂടി നല്‍കാന്‍ കഴിയാതെ വന്നതോടെ താമസസ്ഥലത്തുനിന്നും ഇറങ്ങേണ്ടിയും വന്നു. ഇതോടെയാണ് പാര്‍ക്കില്‍ അഭയംതേടിയത്. യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരി, സാമൂഹിക പ്രവര്‍ത്തകരായ സിയാഫ് മട്ടാഞ്ചേരി, റഹീമ ഷനീദ്, കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിലെ (കെഎംസിസി) ദുബായ്, ഷാര്‍ജ, അജ്മാന്‍ പ്രവര്‍ത്തകരുമാണ് മുഹ്‌സിനെ സഹായിക്കാന്‍ ഒരുമിച്ചത്. യുഎഇ അധികാരികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചതോടെ ഓവര്‍സ്‌റ്റേ പിഴ ഒഴിവാക്കി നല്‍കി. തുടര്‍ന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഔട്ട്പാസും തരപ്പെടുത്തി. കേരളത്തിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റും സാമൂഹിക പ്രവര്‍ത്തകര്‍ ലഭ്യമാക്കിയതോടെ മാസങ്ങള്‍ നീണ്ട ദുരിതജീവിതത്തില്‍ നിന്ന് മുഹ്‌സിന്‍ കരകയറുകയായിരുന്നു.


യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ പ്രകാരം സന്ദര്‍ശനം, ടൂറിസ്റ്റ്, റെസിഡന്‍സ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് താമസിച്ചാല്‍ പ്രതിദിനം 50 ദിര്‍ഹമാണ് പിഴ ചുമത്തുക. വിസ കാലാവധി കഴിഞ്ഞ് ഇത്തരത്തില്‍ കുരുക്കിലകപ്പെട്ട 42 ശ്രീലങ്കന്‍ സ്ത്രീകളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി ശ്രീലങ്കന്‍ കോണ്‍സുലേറ്റ് രണ്ടുദിവസം മുമ്പ് അറിയിച്ചിരുന്നു.
Previous Post Next Post