തിരുവനന്തപുരം: തിരുവല്ലത്ത് അനുജനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശിയായ രാജ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജിന്റെ സഹോദരന്‍ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് കാട്ടി ഇവര്‍ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സംശയം സഹോദരന്‍ ബിനുവിലേയ്ക്ക് തിരിയുന്നത്. ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് അനുജനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയതായി കുറ്റസമ്മതം നടത്തിയത്. ഇന്ന് രാവിലെയായിരുന്നു ബിനുവിന്റെ കുറ്റസമ്മതം. ഇതനുസരിച്ച് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട രാജും സഹോദരനും ബിനുവും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഇതുമൂലമുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പിന്‍ഭാഗത്ത് നിന്നാണ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. രാജിനെ കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.കൊലപാതകം നടന്നതെന്നാണ് എന്നതില്‍ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട രാജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നുവെന്നും വിവരമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളു എന്നും പോലീസ് പറഞ്ഞു