ജേഴ്സിയിൽ ‘ഇന്ത്യ’ വേണ്ട ‘ഭാരതം’ മതിയെന്ന് വീരേന്ദർ സെവാഗ്



ഡൽഹി : ഇന്ത്യയെ റിപ്പബ്ലിക് ഓഫ് ഭാരത് എന്ന് പുനർനാമകരണം ചെയ്യുന്നതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. ‘ഭാരത്’ എന്ന യഥാർത്ഥ നാമം ഔദ്യോഗികമായി തിരികെ ലഭിക്കാൻ വളരെ കാലതാമസമുണ്ടായി. ക്രിക്കറ്റ് താരങ്ങളുടെ ജേഴ്സിയിൽ ‘ഭാരത്’ എന്നാകണമെന്നും അദ്ദേഹം ബിസിസിഐയോടും ജയ് ഷായോടും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കും. സെപ്തംബര്‍ 9 ന് നടക്കുന്ന ജി20 അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവനില്‍ നിന്നും അയച്ച ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്. അഞ്ച് ദിവസമാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണക്കത്തില്‍ ഇത്തരമൊരു അഭിസംബോധന ഉണ്ടായത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭരണഘടനയിലെ അനുച്ഛേദം ഒന്നില്‍ ഇന്ത്യ എന്നത് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യ എന്നത് ഭാരത് എന്നാക്കുന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സുകള്‍ക്ക് മേലുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
Previous Post Next Post