ബി ബി സിയുടെ ഫ്രോഡ് ബസ്റ്റിംഗിന്റെ ഷോ പുറത്ത് കൊണ്ടുവന്നത് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ തട്ടിപ്പു സംഘത്തെ. പാകിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഹമ്മദ് സര്‍ഫ്രസ് എന്നയാളുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തെ വെളിച്ചത്തു കൊണ്ടു വന്നത് ഒരു എത്തിക്കല്‍ ഹാക്കറുടെ സഹായത്തോടെ ആയിരുന്നു. ബ്രിട്ടനിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ ഒ 2 വിന്റെ ഉപഭോക്താക്കളെയായിരുന്നു ഇവര്‍ ഉന്നം വച്ചിരുന്നത്.
ജിം ബ്രൗണിംഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എത്തിക്കല്‍ ഹാക്കിയര്‍, തന്റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ച് അഹമ്മദിന്റെ കമ്പ്യുട്ടറില്‍ ആക്‌സസ് നേടിയെടുക്കുകയായിരുന്നു. അതുവഴി അയാളുടെ പ്രവര്‍ത്തന രീതികളും സംസാരവുമെല്ലാം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഫോണ്‍ നമ്പറുകളും മറ്റ് വ്യക്തിഗത വിവരങ്ങളും അടങ്ങിയ ഡാറ്റ ഇവര്‍ കരിഞ്ചന്തയില്‍ നിന്നും കൂടുതല്‍ വിലകൊടുത്ത് വാങ്ങുകയായിരുന്നു പതിവ്.
ഇത്തരത്തില്‍ ബ്രിട്ടീഷുകാരുടെ പേരും വിലാസവും ഫോണ്‍ നമ്പറും ഇവര്‍ സമ്പാദിക്കും. എന്നാല്‍, ഇവര്‍ എല്ലാവരും ഒ2 ഉപഭോക്താക്കള്‍ ആകണമെന്നില്ല. പിന്നീട് ഓ2 വിന്റെ വെബ്‌സൈറ്റില്‍ പോയി, ലഭിച്ച നമ്പറുകളില്‍ ഏതെല്ലാം ഒ 2 ഉപഭോക്താക്കളാണെന്ന് മനസ്സിലാക്കും. ഒ2 ഉപഭോക്താവിനെ ലഭിച്ചാല്‍ ഉടന്‍ തന്നെ ആ നമ്പര്‍, അഹമ്മദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററിലെ ജീവനക്കാര്‍ക്ക് കൈമാറും.
അവര്‍ ഒ2 വില്‍ നിന്നെന്ന പോലെ ഉപഭോക്താക്കളെ വിളിക്കും. അടുത്ത ആറ് മാസക്കാലത്തേക്ക് പ്രതിമാസ ബില്ലില്‍ വന്‍ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും അതിനായി അക്കൗണ്ടില്‍ പുതിയ ആക്ടിവേഷന്‍ നടത്തണമെന്നും പറയും. ഇതിനായി ഫോണുമായി ബന്ധപ്പെട്ട ഈമെയില്‍ ഐഡി ചോദിക്കും. അത് നല്‍കിയാല്‍ ഉടന്‍ ഇപ്പോള്‍ ഇരയുടെ ഫോണില്‍ ഒരു ഒ ടി പി വരുമെന്നും അത് വായിച്ചു കേള്‍പ്പിക്കണമെന്നും ആവശ്യപ്പെടുംഈമെയില്‍ ഐഡി ലഭിച്ചാല്‍ ഉടന്‍, അഹമ്മദ് ഒ2 വെബ്‌സൈറ്റില്‍ ഇരയുടെ അക്കുണ്ട് ലോഗിന്‍ ചെയ്യാന്‍ ആരംഭിക്കും. ഈമെയില്‍ ഐ ഡി ടൈപ്പ് ചെയ്തതിനു ശേഷം പാസ്സ്‌വേര്‍ഡ് ഫൊര്‍ഗെറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, പുതിയ പാസ്സ്‌വേര്‍ഡ് മാറ്റാനുള്ള ലിങ്ക് അയയ്ക്കുന്നതിനായി ഒ2 സ്ഥിരീകരണം തേടും. അതിനായി ഒരു ഒ ടി പി അയയ്ക്കുമെന്നു അത് സൈയില്‍ എന്‍ടര്‍ ചെയ്യണമെന്നും ആവശ്യപ്പെടും.
ഓ2 ഉപഭോക്താവിന്റെ ഫോണിലേക്ക് അയയ്ക്കുന്ന ഒ ടി പി ആണ് ഇവര്‍ ഉച്ചത്തില്‍ പറയാന്‍ പറയുന്നത്. അത് ലഭിക്കുന്നതോടെ അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. പിന്നീട് ഈ അക്കൗണ്ടുകളിലൂടെ വിലകൂടിയ മൊബൈല്‍ ഫോണും മറ്റ് ഗാഡ്ജറ്റുകളും ഓര്‍ഡര്‍ ചെയ്യും. അതിനു മുന്‍പായി പ്രൊമോഷണല്‍ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ചില ഉദ്പന്നങ്ങള്‍ ലാഭത്തിന് ലഭിക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ടാകും.
ഇങ്ങനെയെത്തുന്ന ഉദ്പന്നങ്ങള്‍ തങ്ങള്‍ ആവശ്യപ്പെടാത്തതാണെന്ന് തിരിച്ചറിയുന്ന ഉപഭോക്താക്കള്‍, കമ്പനിയുടേതെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാര്‍ നല്‍കിയ നമ്പറിലേക്ക് വിളിക്കും. അപ്പോള്‍, പാഴ്‌സല്‍ വിലാസം തെറ്റി അയച്ചതാണെന്നും, ഡെലിവറി ഏജന്റിന് തിരികെ അയച്ചു കൊടുത്താല്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട ഉദ്പന്നം എത്തിക്കാമെന്നും ഉറപ്പു നല്‍കുന്നു. ഏജന്റിന്റെ വിലാസം എന്ന് പറഞ്ഞ് ഒരു പോസ്റ്റ്‌ബോക്‌സ് നമ്പര്‍ നല്‍കുകയും ചെയ്യും.
ഈ നമ്പറിലുള്ള പോസ്റ്റ് ബോക്‌സ് പോരിപാലിക്കുന്നത് അഹമ്മദിന്റെ സംഘത്തില്‍ പെട്ട വ്യക്തികളായിരിക്കും. തങ്ങള്‍ ആവശ്യപ്പെട്ട സാധനം ലഭിക്കാതെ , ഇരകള്‍ ദിവസങ്ങള്‍ക്ക് ശേഷം വിളിക്കുമ്പോഴേക്കും തട്ടിപ്പുകാര്‍ നല്‍കിയ നമ്പര്‍ പ്രവര്‍ത്തന രഹിതമായിരിക്കും. ആ സമയത്തിനുള്ളില്‍ അവര്‍ അയച്ചു കൊടുത്ത ഉദ്പന്നങ്ങള്‍ തട്ടിപ്പ് സംഘത്തിലുള്ളവര്‍ ലാഹോറിലേക്ക് അയച്ചു കഴിയും.ഇങ്ങനെ ബ്രിട്ടീഷുകാരെ പറ്റിച്ച് അഹമ്മദ് ഒരു ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് അയാളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലുമൊക്കെ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ അണിഞ്ഞ് ആഡംബര ശൈലിയിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും കൈയ്യില്‍ വിലകൂടിയ ഫോണുകളും കാണും.
ഏതായാലും ബി ബി സി ഈ ഷോ സംപ്രേക്ഷണം ചെയ്ത ശേഷം അയാള്‍ സ്ഥലം മാറിയിട്ടുണ്ടാകും എന്നാണ് വിശ്വസിക്കുന്നതെന്ന് ബി ബി സി പ്രതിനിധി പറഞ്ഞു. കുറച്ചു നാള്‍ അനക്കമില്ലാതിരുന്നിട്ട് വീണ്ടും പുതിയ നമ്പറും പുതിയ തിരക്കഥയുമായി അയാള്‍ തട്ടിപ്പിനിറങ്ങിയേക്കാം എന്നും ബി ബി സി പറയുന്നു.