കരുവന്നൂർ: നിക്ഷേപകരുടെ 79.5 കോടി രൂപ മടക്കിനൽകിയെന്ന് മന്ത്രി വിഎൻ വാസവൻതൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ 79.5 കോടി രൂപ മടക്കിനൽകിയതായി സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. സഹകരണ മേഖലയിലെ സുതാര്യതയും സുരക്ഷിതത്വവും എന്നും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കൊടകര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സഹകരണ മേഖലയിൽ ക്രമക്കേടുകൾ ഉണ്ടായാൽ ദയവും ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും എക്കാലത്തും സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനുമായാണ് സഹകരണ നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.


മൂല്യവർധിത ഉൽപാദനരംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ ഫാർമേഴ്സ് ബാങ്കുകൾ ശ്രമിക്കണം. കാർഷിക മേഖലയും സഹകരണ മേഖലയും പരസ്പരം സഹകരണത്തിലൂടെ കടന്നുപോയാൽ വലിയ വിജയം സൃഷ്ടിക്കാൻ കഴിയും. സഹകരണ മേഖലയിലെ നിക്ഷേപം ഒരു നാടിന്റെ പുരോഗമനത്തിനാണ് ആധാരമാകുന്നതെന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാകണമെന്നും മന്ത്രി ഓർമിപ്പിച്ചു.രജിസ്ട്രേഷൻ നടത്തുന്നതിനൊപ്പം ആധാരങ്ങൾ പോക്കുവരവ് ചെയ്യുന്നതിനും സൗകര്യമൊരുക്കുമെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. തൃശൂർ മുണ്ടൂരിലെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.രജിസ്ട്രേഷൻ നടത്തുന്ന ആധാരങ്ങൾ പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് വീണ്ടും ഓഫീസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ട്. രജിസ്ട്രേഷൻ വകുപ്പും റവന്യു വകുപ്പുമായി സഹകരിച്ച് രജിസ്ട്രേഷൻ ചെയ്യുന്നതിനൊപ്പം പോക്കുവരവ് ചെയ്യുന്നതിനും സൗകര്യം ഒരുക്കും. ആധുനികവത്ക്കരണത്തിലൂടെ രജിസ്ട്രാർ ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈനായി വേഗത്തിൽ എല്ലാവരിലേക്കും എത്തിക്കുകയാണ്. മുന്നാധാരങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഓരോ ഓഫീസും ജനസൗഹൃദവും ഈ ഗവേണൻസ് രീതിയിലേക്കും മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു
Previous Post Next Post