കോട്ടയം കഞ്ഞിക്കുഴി സ്വദേശിയിൽ നിന്നും ഒന്നേകാൽ കോടി രൂപ കബളിപ്പിച്ച് തട്ടിയെടുത്ത പ്രതി പിടിയിൽ കോട്ടയം: ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ്  നിർമ്മിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപയോളം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് പെരുമ്പള അംഗൻവാടിക്ക് സമീപം ഇടയ്ക്കൽ വീട്ടിൽ റാഷിദ്. റ്റി (29) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ കോട്ടയം  കഞ്ഞിക്കുഴി സ്വദേശിയിൽ  നിന്നും ഒന്നേകാൽ കോടി രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇയാൾ  വ്യാജ ഫേസ്ബുക്ക് ഐ.ഡി വഴി ട്രേഡിങ് ബിസിനസ്സിൽ താല്‍പര്യമുള്ള യുവാവിനെ സമീപിക്കുകയും,  തുടർന്ന് വിദേശ ട്രേഡിങ് കമ്പനിയായ  Olymp Trade pro എന്ന കമ്പനിയുടെ പേരിൽ വ്യാജ സൈറ്റ് നിർമ്മിച്ച് അത് ഒറിജിനൽ ആണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് അതിലൂടെ ട്രേഡിങ് ബിസിനസ് ചെയ്യാനും,  നിക്ഷേപിക്കുന്ന തുകയുടെ 15 ശതമാനം മാസംതോറും ബോണസ് ആയി ലഭിക്കുമെന്നും  പറഞ്ഞ് വിശ്വസിപ്പിച്ച്  യുവാവിൽ നിന്നും പലതവണകളായി 1,24,19,150 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ബോണസ് തുക  ലഭിക്കാതിരുന്നതിനെ തുടർന്ന്   താൻ കബളിപ്പിക്കപെട്ടെന്ന് മനസ്സിലാക്കിയ യുവാവ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ ബാംഗ്ലൂരിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജു പി.എസ്, എസ്.ഐ  ജിജി ലൂക്കോസ്, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്,അജേഷ് ജോസഫ്, വിബിൻ, മജു, രജീഷ്, രവീന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post