പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയ്ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കും കമ്മീഷന്‍ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായി പ്രസംഗിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് പ്രിയങ്കാ ഗാന്ധിയോട് കമ്മീഷന്‍ വിശദീകരണം തേടിയത്. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളോടെ പ്രസംഗിച്ചെന്ന പരാതിയിലാണ് ഹിമന്ദ ബിശ്വശര്‍മയ്ക്ക് നോട്ടീസ് അയച്ചത്.20ന് നടന്ന ഒരു പൊതുപരിപാടിയില്‍ നടത്തിയ പരാമര്‍ശത്തിലാണ് പ്രിയങ്ക ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കിയത്. മോദി ഒരു ക്ഷേത്രത്തില്‍ നല്‍കിയ സംഭാവനയുടെ കവര്‍ തുറന്നപ്പോള്‍ 21 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് താന്‍ ടിവിയില്‍ കണ്ടെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശം.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന വികസിത് സങ്കല്‍പ് ഭാരതയാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കേര്‍പ്പെടുത്തി. കേന്ദ്രത്തിന്റെ വികസന നേട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്ന യാത്രക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി.
ഡിസംബര്‍ അഞ്ചുവരെ കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികളുടെ പ്രചാരണ യാത്ര നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ വികസനപദ്ധതികള്‍ വിശദീകരിക്കുന്നതാണ് യാത്ര. സൈനികരെയും ഉദ്യോഗസ്ഥരെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരകരാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ് സംസ്ഥനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.