ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് യുഎന്നില്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്കെതിരായ ആക്രമണം, നിര്‍ബന്ധിത കുടിയിറക്കല്‍, തുടങ്ങിയവയെ അറബ് രാജ്യങ്ങള്‍ സംയുക്തമായി അപലപിച്ചു. മാനുഷിക മൂല്യങ്ങളിലൂന്നി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണെമന്ന് ഈ രാജ്യങ്ങളുടെ വിദേശകാര്യപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മുന്‍പ് ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ സ്ഥിരാംഗങ്ങള്‍ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് നിരസിക്കപ്പെട്ടിരുന്നു. അതേസമയം രാത്രിയില്‍ ഗാസയില്‍ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ ഹമാസ് താവളങ്ങള്‍ ആക്രമിച്ചു. കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിയായിരുന്നു ആക്രമണം. ഇസ്രയേല്‍ തുടങ്ങിയിട്ടേയുള്ളുവെന്നും ഹമാസിനെ തുടച്ചു നീക്കുമെന്നും പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.ഗാസയില്‍ മരണസംഖ്യ 3000 കുട്ടികള്‍ ഉള്‍പ്പെടെ 7000 കവിഞ്ഞു. ഹമാസ് നേതാക്കള്‍ ഇറാന്‍ ഉപ വിദേശ കാര്യ മന്ത്രിയും മോസ്‌കോയിലെത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.ഇസ്രയേലിന്റെ ഗാസ ആക്രമണം തുടങ്ങിയശേഷം 50 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അല്‍പസമയം മുന്‍പ് അറിയിച്ചിരുന്നു. ഇരുന്നൂറിലെറെ പേരെ ഹമാസ് ബന്ദികളാക്കിയെന്ന ഇസ്രയേലിന്റെ നിലപാടിന് പിന്നാലെയാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍. ടെലിഗ്രാം ചാനലിലൂടെ ഹമാസിന്റെ സായുധവിഭാഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമര്‍ശം. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ വക്താവായ അബു ഒബൈദയുടെ പേരിലാണ് പ്രസ്താവന.