ആർക്കും ഭാരമാകാനില്ല! ‘എനിക്ക് ഓട്ടിസമാണ്, സിനിമ ഉപേക്ഷിക്കുന്നു’: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അല്‍ഫോന്‍സ് പുത്രൻ

                  
പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളം സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ നടത്തിയ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് ഓട്ടിസമാണെന്നും താൻ തന്നെ സ്വയം കണ്ടെത്തിയതാണെന്നുമാണ് അദ്ദേഹം പറയുന്നത്. കൂടാതെ താൻ സിനിമയിൽ നിന്ന് വിരമിക്കുന്ന വിവരവും ചേർത്താണ് പോസ്റ്റ് ചെയ്തത്. പതിവ് പോലെ പോസ്റ്റ് ഇട്ടു അധികമാകും മുൻപേ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. എങ്കിലും സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ എങ്ങും പാഞ്ഞു.

സിനിമാ, തീയേറ്റർ പ്രവർത്തികൾ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ‘തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ കണ്ടെത്തി. സ്വയമേ തിരിച്ചറിഞ്ഞതാണത്. മറ്റൊരാൾക്ക് ബുദ്ധിമുട്ടാവാൻ ആഗ്രഹിക്കുന്നില്ല. ഒ.ടി.ടിക്ക് വേണ്ടി ഗാനങ്ങളും വീഡിയോകളും ഷോർട്ട് ഫിലിമുകളും പരമാവധി ചെയ്യും. സിനിമ ഉപേക്ഷിക്കാൻ ആഗ്രഹമില്ല. പക്ഷേ മറ്റു പോംവഴിയില്ല. നിറവേറ്റാൻ കഴിയാത്ത ഉറപ്പുകൾ നൽകാൻ ഞാനില്ല. മോശം ആരോഗ്യാവസ്ഥയും പ്രവചനാതീതമായ ജീവിതവും ഇന്റർവെൽ പഞ്ച് പോലൊരു ട്വിസ്റ്റ് കൊണ്ടുവരും’ എന്ന് പുത്രൻ ഇൻസ്റ്റഗ്രാമിൽ എഴുതി.

അതേസമയം, അൽഫോൻസിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ‘ഗോൾഡ്’ അത്യന്തം വിമർശനം നേരിടുകയും ബോക്സ് ഓഫീസിൽ യാതൊരു നേട്ടവും കൈവരിക്കാത്തതുമായ ചിത്രമാണ്. മേക്കിങ്ങിന്റെ പേരിലാണ് വിമർശനങ്ങൾ ഏറെയുമുണ്ടായത്. പുത്രന്റെ പേജിലെ പോസ്റ്റ് ഹാക്കർമാരുടെ പണിയാണോ എന്നും വ്യക്തമല്ല.

Previous Post Next Post