ഡൽഹി മദ്യനയ അഴിമതി; മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇഡി സമൻസ്



ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് സമൻസ് അയച്ചത്. കേജ്‌രിവാളിനോട് നവംബർ രണ്ടിന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദ്ദേശം നൽകി.ഇതിനിടെ ഡൽഹി മദ്യനയ അഴിമതി കേസിൽ ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് വീണ്ടും തിരിച്ചടി. ജയിലിൽ കഴിയുന്ന സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇതോടൊപ്പം 6-8 മാസത്തിനകം വാദം പൂർത്തിയാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണ മന്ദഗതിയിലായാൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 26 നാണ് കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെയും ഇഡിയുടെയും രണ്ട് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നിഷേധിച്ചത് എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുള്ളതിനാൽ അരവിന്ദ് കെജ്‌രിവാൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post