മറിയക്കുട്ടിക്കും അന്നക്കും സഹായ ഹസ്തവുമായി ചെന്നിത്തലയും; 1600 രൂപ കൈമാറി


 
തൊടുപുഴ : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എത്തി. ഇരുവര്‍ക്കും സഹായഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വരവ്. ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ മറിയക്കുട്ടിക്കും അന്നയ്ക്കും 1600 രൂപ വീതം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് പെന്‍ഷന്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ മറിയക്കുട്ടി, അന്ന എന്നീ വയോധികർ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് സൈബര്‍ ഇടങ്ങളില്‍ ഇവരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി അഭിപ്രായപ്രകടനങ്ങളാണ് നടന്നത്. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും മട്ടില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും റിപ്പോര്‍ട്ട് വന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് മറിയക്കുട്ടി രംഗത്തുവന്നതോടെ, വിഷയത്തില്‍ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയതിന് പാര്‍ട്ടി പത്രം സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്നതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം അടിമാലിയില്‍ ഇരുവരെയും സന്ദര്‍ശിച്ച് ബിജെപി നേതാവ് സുരേഷ് ഗോപിയും തന്റെ എംപി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ സംസ്ഥാനം തെറ്റായ കണക്കുകള്‍ നല്‍കിയത് കൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്ര വിഹിതം നല്‍കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. 200 ഏക്കറില്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാന്‍ എത്തിയത്.
Previous Post Next Post