തെലങ്കാനയിൽ കോൺഗ്രസ് - സിപിഐഎം സഖ്യമില്ല; 17 സീറ്റുകളിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും


ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് മത്സരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനിച്ചു. കോൺഗ്രസുമായുള്ള സീറ്റ്‌ വിഭജന ചർച്ചകൾ പരാജയപെട്ടതോടെയാണ് തീരുമാനം. 17 സീറ്റുകളിലേക്ക് സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ആണ് ഇന്ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. കോത്താ​ഗുഡം, അശ്വറാവുപേട്ട്, വൈര, പാലൈർ, മധിര, ജന​ഗാവ്, പത്താൻചെറു, മുഷീറാബാദ്, മിര്യാല​ഗുഡ, നൽ​ഗൊണ്ട, നക്കിരേക്കൽ, ഭുവന​ഗിരി, ഹുസൂർന​ഗർ, കൊടാട്, ജന​ഗം, ഇബ്രാഹിംപട്ടണം നിയമസഭാ മണ്ഡ‍ലങ്ങളിലാണ് സിപിഐഎം തനിച്ച് മത്സരിക്കുക. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

സിപിഐഎമ്മിനും സിപിഐക്കുമായി രണ്ടു സീറ്റുകൾ വീതം കോൺ​ഗ്രസ് ഒഴിച്ചിട്ടിരുന്നെങ്കിലും രണ്ടിലൊരു സീറ്റിന്റെ കാര്യത്തിൽ സിപിഐഎം വഴങ്ങാതെ വന്നതോടെ സീറ്റ് വിഭജന ചർച്ച അനിശ്ചിതത്വത്തിലാകുകയായിരുന്നു. പൂർണമനസോടെയല്ലെങ്കിലും ആദ്യം തീരുമാനം അം​ഗീകരിച്ച സിപിഐ, സിപിഐഎം നിലപാട് കടുപ്പിച്ചതോടെ തീരുമാനം മാറ്റി. ഖമ്മം, ഭദ്രാദ്രി, നൽഗൊണ്ട ജില്ലകളിലായി മിരിയാലഗുഡ, വൈര, കോതഗുഡെം, സാതുപള്ളി എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് കമ്യൂണിസ്റ്റ് പാർട്ടികൾക്കായി ഒഴിച്ചിട്ടത്. എന്നാൽ, ഖമ്മം ജില്ലയിൽനിന്നുള്ള മണ്ഡലങ്ങൾ വേണമെന്ന് സിപിഐഎം ഉറച്ച നിലപാടെടുത്തു. ഖമ്മം ജില്ലയിലെ വൈര മണ്ഡലം അനുവദിക്കാമെന്ന് കോൺഗ്രസ് സമ്മതിച്ചെങ്കിലും സിപിഐഎം അതിൽ തൃപ്തരായില്ല. തുടർന്നാണ് തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ചില സീറ്റുകളിൽ തനിച്ചു മത്സരിക്കാൻ സിപിഐഎം നേരത്തേ തീരുമാനിച്ചിരുന്നു
Previous Post Next Post