ഉപ്പുതറ: പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ പേരില്‍ ജയിലിലായ ആദിവാസി യുവാവിന് തുണയായത് ഡി.എന്‍.എ. പരിശോധനാ ഫലം. ഉപ്പുതറ കണ്ണംപടി ഇന്തിനാല്‍ ഇ.എം. വിനീതിനെയാണ് കട്ടപ്പന ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി. മഞ്ജു കുറ്റ വിമുക്തനാക്കിയത്. വിനീത് 90 ദിവസമായി ജയിലിലായിരുന്നു.
ഡി.എന്‍.എ. ഫലം വന്നപ്പോള്‍ പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിയുകയായിരുന്നു. ഇതോടെ അര്‍ധസഹോദരന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴിമാറ്റി. അര്‍ധ സഹോദരന്‍ ജയിലിലായി. ഡി.എന്‍.എ. പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഇയാളല്ലെന്നും തിരിച്ചറിഞ്ഞു. കേസില്‍
വിസ്താരം തുടങ്ങാത്തതിനാല്‍ ഇയാള്‍ നിലവില്‍ ജയിലിലാണ്.
കണ്ണംപടി സ്വദേശി ശ്രീധരനാണ് പെണ്‍കുട്ടിയുടെ പിതാവെന്നാണ് ഡി.എന്‍.എ. പരിശോധനയിലെ കണ്ടെത്തല്‍. ഇതോടെ വിനീതിനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.
2019 ഒക്‌ടോബര്‍ 14നായിരുന്നു സംഭവം. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയില്‍ വന്ന 14കാരി നാലുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. പീഡിപ്പിച്ചത് വിനീതാണെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് വിനീതിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സര്‍ക്കാരില്‍നിന്നും കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍നിന്നും നഷ്ടപരിഹാരം കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു.