ആലുവയിലെ ക്രൂരതയിൽ ഇന്ന് വിധി; അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയിട്ട് 99 ദിവസം

 


ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ കോടതി ഇന്ന് വിധി പറയും. ബിഹാർ സ്വദേശിയായ അസ്ഫാക് ആലം (29) ആണ് കേസിലെ ഏക പ്രതി. കൊലപാതകം നടന്ന് 99-ാം ദിവസമാണ് വിധി വരുന്നത്. കുറ്റകൃത്യം നടന്ന് 100 ദിവസത്തിനു മുൻപുതന്നെ അന്വേഷണം നടത്താനും കുറ്റപത്രം സമർപ്പിക്കാനും വിചാരണ പൂർത്തിയാക്കാനുമായത് അന്വേഷണ സംഘത്തിൻ്റെ നേട്ടമാണ്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിക്കുക.ജൂലൈ 28നാണ് പ്രതിയായ അസ്ഫാക് ആലം ആലുവ മാർക്കറ്റിനു സമീപമുള്ള വീട്ടിൽനിന്ന് ബിഹാർ സ്വദേശിനിയായ ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം ആലുവ മാർക്കറ്റിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കല്ല് കൊണ്ടിടിച്ച് മുഖം ചെളിയിലേക്ക് അമർത്തിയ നിലയിലായിരുന്നു. താടിയെല്ല് തകർന്നിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാണാതായ ദിവസം തന്നെ പ്രതി അസ്ഫാക് ആലത്തെ പിടികൂടാനായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം മറവുചെയ്തുവെന്നും മൊഴി നൽകിയത്. റൂറൽ എസ്പി വിവേക് കുമാർ, ഡിവൈഎസ്പി പി പ്രസാദ്, സിഐ എംഎം മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കൊലപാതകം നടന്ന് 35-ാം ദിവസം അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാനായി. ഒക്ടോബർ നാലിന് വിചാരണം ആരംഭിക്കുകയും 26 ദിവസംകൊണ്ട് വിചാരണ പൂർത്തിയാക്കുകയും ചെയ്തു.കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആകെ 99 സാക്ഷികളാണുള്ളത്. കുട്ടിയുടെ വസ്ത്രമടക്കം 10 തൊണ്ടിമുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ വിചാരണാ വേളയിൽ കോടതിയിൽ ഹാജരാക്കി. ജി മോഹൻരാജാണ് സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

Previous Post Next Post